ഭയം ഭരിക്കുന്ന ജനാധിപത്യം;ഒരു ഭാരതീയൻ്റെ ഭാവി ചിന്തകൾ

മാർച്ച് ഒമ്പതാം തീയതി ഏതാണ്ട് വൈകുന്നേരം നാലുമണി സമയത്താണ് വിനീതൻ ഈ ലേഖനം എഴുതാനിരിക്കുന്നത്. വിഷയത്തിൽ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. സോഷ്യൽ മീഡിയ മുഴുവൻ ഡൽഹിയിലെ പോലീസുകാരന്റെ ചിത്രങ്ങളും വീഡിയോകളും ചിതറിപ്പരക്കുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ സംഭവം റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുമുണ്ട്. കമന്റ് ബോക്സുകളിൽ ഇന്ത്യൻ മുസ്ലിങ്ങളെ ഫലസ്തീനികളുമായി താദാത്മ്യപ്പെടുതിയുള്ള കമൻറുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മറുപടിയായി വർഗീയ ഉള്ളടക്കമുള്ള റിപ്ലൈകളും. തലസ്ഥാനനഗരിയിൽ നിന്ന് രണ്ടു മൂന്നാഴ്ചകളായി തീരെ സുഖകരമല്ലാത്ത വാർത്തകളാണ് കേൾക്കുന്നത്. ഒട്ടും പുതുമയില്ലെങ്കിലും വാർത്തയുടെ നിജസ്ഥിതി അറിയാൻ ന്യൂസ്ഫീഡുകളുടെ റീഡ് മോർ അറകളിലേക്ക് ഊളിയിട്ടു. ഭരണസിരാ കേന്ദ്രത്തിൽ നിന്നും അരമണിക്കൂർ മാത്രം യാത്രാദൂരമുള്ള വടക്കു കിഴക്കൻ ദില്ലിയിലെ ഇന്ദർ ലോകിലാണ് സംഭവം നടന്നത്. പള്ളിയോടടുത്ത് റോഡിൽ ജുമാ നിസ്കരിക്കുകയായിരുന്നു ഒന്നു രണ്ട് യുവാക്കളെ അകാരണമായി ഇവിടുത്തെ പോലീസ് പോസ്റ്റിൽ ജോലി ചെയ്തിരുന്ന മനോജ് തോമർ എന്ന ഉദ്യോഗസ്ഥൻ ചവിട്ടുന്നതായിരുന്നു ദൃശ്യങ്ങൾ. പിന്നാലെ നാട്ടുകാർ പ്രശ്നമുണ്ടാക്കുകയും സംഭവം രാജ്യാന്ത ശ്രദ്ധയിലേക്ക് എത്തുകയും ചെയ്തതോടെ ഓഫീസറെ സസ്പെൻഡ് ചെയ്തു ഡൽഹി പോലീസ് തടിയൂരി. തലസ്ഥാനനഗരിയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമൊന്നുമല്ല ഇത്. ഉത്തരാഖണ്ഡിലെ മൈനിൽ കുടുങ്ങിയ 41 പേരെ രക്ഷിച്ച് താര പരിവേഷം നേടിയ തൊഴിലാളികളിൽ ഒരാളായ വക്കീൽ ഹസ്സന്റെ ഡൽഹിയിലെ വീട് ഡി.ഡി.എ ബുൾഡോസർ ഉപയോഗിച്ച് തകർത്ത വാർത്ത വന്നിട്ട് അധികകാലം ഒന്നുമായിട്ടില്ല.
എന്നാൽ പ്രശ്നം മതം മാത്രമല്ല എന്ന് തിരിച്ചറിയുമ്പോഴാണ് സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യം എത്രത്തോളം കളങ്കിതമാണെന്ന് മനസ്സിലാവൂ. ന്യൂനപക്ഷങ്ങൾ മാത്രമല്ല തങ്ങളുടെ ലക്ഷ്യങ്ങൾക്ക് മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന ഫാഷിസ്റ്റ് ചിന്താഗതിയുടെ അവസാനത്തെ ഇരയായിരുന്നു ഡൽഹിയിലെ ഡൽഹി യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രൊഫസർ ആയിരുന്ന ഗോക്കർകൊണ്ട നാഗാ സായിബാബ എന്ന ജി എൻ സായിബാബ. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് യുഎപിഎ എന്ന കരിനിയമപ്രകാരം ഏതാണ്ട് പത്തു വർഷത്തോളമാണ് അദ്ദേഹം ജയിലിൽ കിടന്നത്. ഒടുവിൽ കുറ്റവിമുക്തനാണെന്ന് കണ്ടു ബോംബെ ഹൈക്കോടതി നാഗ്പൂർ ബെഞ്ച് അദ്ദേഹത്തെ വെറുതെ വിടുന്നു. 90% അംഗവൈകല്യമുള്ള വീൽചെയറിൽ അല്ലാതെ സഞ്ചരിക്കാൻ കഴിയാത്ത സായിബാബ ഒരു കുറ്റവും ചെയ്യാതെ മഹാരാഷ്ട്ര ഘട്ചിറോളിയിലെ കുപ്രസിദ്ധമായ അണ്ടാ സെല്ലിൽ കഴിഞ്ഞത് നീണ്ട ദശാബ്ദക്കാലമാണ്. ഈ പത്തു വർഷത്തിനിടക്ക് അദ്ദേഹത്തിന് നഷ്ടപ്പെട്ടത് നീണ്ട ജീവിത കാലയളവ് മാത്രമല്ല സ്വന്തം ജോലി കൂടിയാണ് ആദിവാസികൾക്കും അടിച്ചമർത്തപ്പെട്ട ജന വിഭാഗങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയത് മാത്രമായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. എതിർക്കുന്നവരെ യു.എ.പി.എ ഉപയോഗിച്ച് അകത്താക്കുന്ന ഭരണകൂട ഭീകരതയുടെ ഇരകളിലൊരാൾ മാത്രമായിരുന്നു അദ്ദേഹം. എതിർക്കുന്നവരെ ഭീകരബന്ധം ആരോപിച്ച് ജയിലിലേക്കയക്കുകയും ബുൾഡോസർ ഉപയോഗിച്ച് വീട് തകർക്കുകയും ചെയ്യുന്ന ഏകാധിപത്യത്തിന്റെ കാഴ്ചകളാണ് തലസ്ഥാനനഗരിയിൽ നിന്ന് ഏതാനും വർഷങ്ങളായി പുറത്തു വരുന്നത്.
മാർച്ച് 10 ഞായർ. തലേന്ന് എഴുതിപ്പൂർത്തിയാക്കാനാവാതെ കിടന്ന ലേഖനത്തിൻ്റെ മറുഭാഗം എഴുതിത്തുടങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചതായിരുന്നു പ്രധാന വാർത്ത. ഗോയലിൻ്റെ രാജിയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരാൾ മാത്രമായി ചുരുങ്ങി. മോദി സർക്കാരിൻ്റെ സ്വന്തക്കാരനായിരുന്ന ഗോയലിൻ്റെ രാജിക്ക് പിന്നിലെ നിഗൂഢതകൾ അവിടെ നിൽക്കട്ടെ. നമുക്കു് വരാൻ പോവുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കാം. പതിനെട്ടാമത് ലോകസഭ തെരഞ്ഞെടുപ്പിലേക്ക് അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ രാജ്യം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കൽ ആയിരിക്കും. നാളുകളായുള്ള ജനാധിപത്യ പ്രക്രിയയിൽ ഇത് എത്രത്തോളം പാലിക്കപ്പെട്ടു എന്നതിന്റെ ഉറപ്പ് തേടി പോകുന്നതിന് പകരം വരാൻ പോകുന്ന തെരഞ്ഞെടുപ്പിലെങ്കിലും ജനാഭിപ്രായവും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ഈ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനുമാണ്. നിലവിലെ സാഹചര്യത്തിൽ അതത്ര സന്തോഷകരമായ രീതിയിലല്ല നടന്നുപോകുന്നത്. കാലങ്ങളായി ഭരിക്കുന്ന സർക്കാരിൻറെ ഇഷ്ടാനിഷ്ടങ്ങൾ മാനിച്ചാണ് തെരഞ്ഞെടുപ്പുകളുടെ സമയക്രമം പ്രഖ്യാപിക്കുന്നതെന്ന ആരോപണങ്ങൾ നിലവിലുണ്ട്. അതും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ ഒരു വിഭാഗത്തിന് മാത്രം ബാധകമാണെന്ന് രീതിയിലാണ് പലപ്പോഴും കമ്മീഷൻ ഇടപെടുന്നതും. ഒരു ജനാധിപത്യ രാഷ്ട്രത്തിൻറെ നെടുംതൂണായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കെട്ടുകാര്യസ്ഥത അതിൻറെ തൂണുകളെ തുരുമ്പിക്കുമെന്ന വസ്തുത ഇനിയും നാം മറന്നുകൂടാ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനാണെങ്കിലും പേപ്പർ ബാലറ്റുകളാണെങ്കിലും വിധി തീരുമാനിക്കേണ്ടത് ജനഹിതം ആയിരിക്കണം. വോട്ടുകളുടെ വിശ്വാസ്യത മാത്രമല്ല പ്രശ്നമായി വരുന്നത്. രാഷ്ട്രീയതലത്തിലെ മുന്നണി ചാട്ടങ്ങളും കുതിരക്കച്ചവടവുമെല്ലാം പ്രധാനപ്പെട്ട ജനാധിപത്യ പ്രശ്നങ്ങളാണ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടക്കുന്ന മതിലുചാട്ടങ്ങൾ കേരളത്തിലും എത്തിയത് ഏറെ ആശങ്കാജനകമാണ്. ചാടിയത് കരുണാകര പുത്രി ആണെങ്കിലും വർഗീയതയിൽ വിശ്വസിക്കാത്ത മലയാളികൾ ഇത്തരക്കാരെ ജയിപ്പിച്ചു വിടില്ലെന്ന് കരുതിയാൽ കൂടിയും വർദ്ധിച്ചു വരുന്ന ഇത്തരം ചാട്ടങ്ങളും കുതിരക്കച്ചവടവും ജനാധിപത്യത്തിന് ഒരു ഭീഷണി തന്നെയാണെന്ന് പറയാതെ വയ്യ. യന്ത്രങ്ങളുടെ വിശ്വാസ്യതക്കുറവ് മാത്രമല്ല പണച്ചാക്കുകളുടെ മുന്നിൽ വീണുപോകുന്ന ജനപ്രതിനിധികളും ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അർത്ഥം. ഒപ്പം നിലക്ക് നിർത്താൻ കഴിയാത്തവരെ ഇ.ഡിയെ വിട്ടു കടിപ്പിക്കുന്ന പുതിയ രീതിയും.
മാർച്ച് 22 തിങ്കൾ, രാത്രി സമയം ഏഴ് മുപ്പത്. കാത്തുനിന്ന് വിശ്വാസികളെ ആദ്യം വരവേറ്റത് വിവാദ പൗരത്വം നിയമ ഭേദഗതിയുടെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തുകൊണ്ടുള്ള കേന്ദ്ര പ്രഖ്യാപനം ആയിരുന്നു. ഇലക്ടറിൽ ബോണ്ട് വിഷയത്തിൽ പ്രതിസന്ധിയിലായ കേന്ദ്രസർക്കാർ പൊതു ശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് വിഷയം എടുത്തിട്ടതെങ്കിലും നിലവിലെ സാഹചര്യത്തിൽ പ്രതിഷേധങ്ങൾ മൂലം നീട്ടിയ ഭേദഗതി ധൃതിപിടിച്ച് നടപ്പാക്കിയതിലെ ലക്ഷ്യങ്ങൾ പകലുപോലെ വ്യക്തമാണ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെ മതവികാരം ഉണർത്തി നേരിടുക. അസമിൽ പൗരത്വ പട്ടിക നടപ്പിലാക്കിയപ്പോൾ പുറത്തായ കൂടുതൽ ഹിന്ദുക്കൾ ആയിരുന്നു ഇതിനെ മറികടക്കാനാണ് പുതിയ ഭേദഗതി കൊണ്ടുവന്നത് പാക്കിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ മുസ്ലീങ്ങൾ അല്ലാത്തവർക്കാണ് പൗരത്വം നൽകുക. ന്യായമായി പറഞ്ഞത് ഈ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളും മറ്റുമായിരുന്നു. ഈ വ്യാജ പ്രചാരണത്തെ ഉൾക്കൊണ്ടാൽ തന്നെയും മ്യാൻമർ , ശ്രീലങ്ക പോലെയുള്ള നമ്മുടെ തന്നെ അയൽ രാജ്യങ്ങളിൽ നിന്നും അക്രമ സംഭവങ്ങൾ മൂലം ഇന്ത്യയിലേക്ക് അഭയാർത്ഥികളായി എത്തിയ ന്യൂനപക്ഷങ്ങളുണ്ട്. ഇവിടെ മതം മാത്രം അടിസ്ഥാനപ്പെടുത്തി പൗരത്വം നൽകുന്നതിനെ ഏത് ഭരണഘടന വെച്ചാണ് ന്യായീകരിക്കാനാവുക? അഭയാർത്ഥികൾക്ക് രാഷ്ട്രത്തിൻറെ പൗരത്വം നൽകുന്നതിന് ആരും എതിരല്ല, എന്നാൽ മുസ്ലിംകളെ മാത്രം ഇതിൽ നിന്നും അകറ്റി നിർത്തുന്നതിലെ രാഷ്ട്രീയം എന്താണ്?. ഭരണഘടനയുടെ 14- ാം അനുഛേദം രാജ്യത്ത് ജീവിക്കുന്നവരെ മതത്തിൻ്റെയോ ജാതിയുടെയോ മറ്റേതെങ്കിലും അടിസ്ഥാനത്തിൽ വിവേചനം കാണിക്കരുതെന്ന് നിഷ്കർഷിക്കുന്നുണ്ട്. ഭരണഘടനയിലെ മറ്റു അനുഛേദങ്ങൾ പൗരർക്ക് മാത്രം ഉള്ളതാണെങ്കിൽ 14- ാം അനുഛേദം രാജ്യത്ത് ജീ എല്ലാവർക്കുമുള്ളതാണ്. ഇവിടെ താമസിക്കുന്ന അഭയാർത്ഥികൾ, കുടിയേറ്റക്കാർ, മറ്റു രാജ്യങ്ങളിൽ നിന്ന് വിസിറ്റിംഗ് വിസയിൽ വന്ന് ജോലി ചെയ്യുന്നവർ തുടങ്ങി എല്ലാവരും പൗരർക്കുള്ളത് പോലുള്ള തുല്യത ഉറപ്പാക്കുന്നതാണ് അനുഛേദം. മതത്തിൻ്റെ അടിസ്ഥാനത്തിൽ പൗരത്വം നിഷേധിക്കുന്നത് ഈ വകുപ്പിൻ്റെ ലംഘനമാണ്.
മോദി സർക്കാരിൻ്റെ ലക്ഷ്യം പൗരത്വ നിയമഭേദഗതിയിൽ മാത്രമൊതുങ്ങി നിൽക്കില്ലെന്ന് വ്യക്തമാണ്. പൗരത്വപ്പട്ടിക കൂടി തയ്യാറാക്കി രാജ്യത്തെ ജനങ്ങളെ ഭിന്നിക്കുകയാണ് ലക്ഷ്യം. പൗരത്വപ്പട്ടിക (NRC) നിലവിൽ വരുന്നതോടെ പൗരത്വ നിയമ ഭേദഗതി (CAA) യുടെ അപകടം പൂർണമാവൂ. ഇക്കണക്കിനു പോയാൽ അധികം വൈകാതെ ഏക സിവിൽ കോഡ് അടക്കമുള്ളവ പ്രതീക്ഷിക്കുകയും ചെയ്യാം.
വെറും മൂന്നു ദിവസത്തിനുള്ളിൽ നടന്ന സംഭവങ്ങൾ സമകാലിക രാഷ്ട്രീയ ഇന്ത്യയുടെ ഭീതിതാവസ്ഥ വരച്ചു കാട്ടുന്നുണ്ടെങ്കിൽ മുന്നോട്ടുള്ള വഴികൾ മതേതര വിശ്വാസിക്ക് – പ്രത്യേകിച്ച് ഇവിടെ ജീവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് അത്രയെളുപ്പമാവില്ല. ഇത്രയേ പറയാനുള്ളൂ. വരുന്ന തെരഞ്ഞെടുപ്പിന് നോക്കിയും കണ്ടുമൊക്കെ വോട്ട് കുത്തുക